Monday, December 5, 2011
കൂവ
കേരളത്തില്‍ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽപ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.
പുരാതനകാലത്ത് കരീബിയന്‍ ദ്വീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ആഹാരം എന്നർത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുതൽ അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണങ്ങൾകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷിൽ പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണിൽ നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്
കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.
കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു.
അന്നജത്താല്‍ സമൃദ്ധമാണ് കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. പായസം, ഹല്‍വ, പുഡ്ഡിങ്ങ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു.
കൂവപ്പൊടി വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ബിസ്കറ്റ്, ഹൽവ, കേക്ക് ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു. പലതരം മരുന്നുഗുളികകൾ, പ്രത്യേകതരം പശ , ഫേസ് പൗഡർ, എന്നിവ നിർമ്മിക്കുന്നതിലും കൂവപ്പൊടി ചേര്ക്കാറുണ്ട്. കൂവയില കന്നുകാലികൾക്ക് ആഹാരമാണ്. അന്നജം വേർത്തിരിച്ചെടുത്ത കിഴങ്ങിന്റെ അവശിഷ്ടം കാലിത്തീറ്റയായും കോഴിത്തീറ്റയായും വളമായും ഉപയോഗിക്കാം.
കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.
Sunday, December 4, 2011
കീഴാര്‍നെല്ലി
സാധാരണ വയല്‍ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി.
Phyllanthus niruri എന്നാണു ശാസ്ത്രനാമം
ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷദസസ്യമാണിത് കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള പൂക്കളുണ്ടാകുന്നു.
കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു.
ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം,പനി, മൂത്രാശയരോഗങ്ങള്‍ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളത്കൊണ്ട് കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല.
Saturday, December 3, 2011
കരിങ്ങാലി
കരിങ്ങാലി മുള്ളുകളുള്ള ഇലപൊഴിയും വൃക്ഷമാണ്
(Acacia catechu) എന്നാണു ശാസ്ത്രനാമം ഇന്ത്യ, ചൈന, ഇന്ത്യന്‍മഹാസമുദ്രത്തിലെ ദ്വീപുകള്‍ എന്നിവടങ്ങളില്‍ കാണപ്പെടുന്നു. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ
കേരളത്തില്‍ വ്യാപകമായി വളരുന്നു .
സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു
കാതൽ, തണ്ട്, പൂവ് എന്നിവ ഔഷധനിർമാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മകയിരം നാളുകാരുടെ ജന്മവൃക്ഷമാണ്
Friday, December 2, 2011
ബ്രഹ്മി
ബ്രഹ്മി. (Bacopa monnieri )എന്നാണു ശാസ്ത്രനാമം. ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും, ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.
ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.
ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.
ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി, നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്.
ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.
ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.
ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളം എന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി. ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ള നടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളം ഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നു തുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍ യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷം വിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായി ബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മി വളരുകയുള്ളൂ.
Thursday, December 1, 2011
തഴുതാമ
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു.(Boerhaavia diffusa)എന്നാണുശാസ്ത്രനാമം. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തിൽ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി ശരീരത്തിലുണ്ടാകുന്ന നീര് പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം.
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഗണ്ടൂ എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാഷത്തിലും, കുഷ്ടരോഗത്തിനും, ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നു ചരക സംഹിതിയില്‍ പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം , നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.
തഴുതാമവേര്, വേപ്പിന്റെ തൊലി, പടവലം, ചുക്ക്,കടുകരോഹിനി , മഞ്ഞള്‍ത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
Wednesday, November 30, 2011
സര്‍പ്പഗന്ധി
ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തിൽ പെട്ട ഈ സസ്യം “റാവോൾഫിയ സെർപ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.
ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പർവ്വസന്ധിയിൽ(Node) നിന്നും മൂന്നിലകളുണ്ടാകും. മൺസൂൺ കാലത്തിനുശേഷമാണ് ചെടി പൂവിടാൻ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളിൽ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കൾ കൊഴിയുന്നു, ഏതാനം ദിവസങ്ങൾക്കകം തത്സ്ഥാനത്ത് പച്ച കായ്കൾ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തിൽ താഴ്ന്ന കാലം കൊണ്ട് കായ്കൾ പഴുക്കുന്നു. കായ്കൾ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം.
തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. വിത്തുകൾ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളർത്തിയെടുക്കാം.
ഇന്നതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ, അപസ്മാരം, കുടൽരോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു.
സർപ്പഗന്ധിയിൽ നിന്നും ശേഖരിക്കാൻ സാധിക്കുന്ന റിസർപ്പിൻ(Reserpin), അജ്‌മാലൂൻ(Ajmaloon) എന്നീ ആൽക്കലോയ്‌ഡുകൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളാണ്.
ഗ്രാമ്പൂ
സിസിജിയം അരോമാറ്റിക്കം (Zyzygium Aromaticum Merr.) എന്നാണ് ഗ്രാമ്പൂവിന്റെ ശാസ്ത്രനാമം. ഒരു നിത്യഹരിത ചെറുവൃക്ഷമാണ് ഗ്രാമ്പൂ. എണ്ണപ്പച്ച നിറമുള്ള ഇലകള്‍ക്ക് ക്ലോവ് ഓയിലിന്റെ ഗന്ധമുണ്ട്. മറ്റുസസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ്പുവിന്റെ പൂമൊട്ടുകള്‍ പറിച്ചുണക്കിയാണ് ഗ്രാമ്പുവാക്കുന്നത്. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകള്‍ വാറ്റിയാണ് വളരെ വിലയേറിയ സുഗന്ധതൈലമായ ഗ്രാമ്പൂഎണ്ണ എടുക്കുന്നത്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്. യൂറോപ്പിലും മറ്റും അണുനാശകമായും അത്തറായും മൗത്ത് വാഷായുമൊക്കെ ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഈ തൈലത്തിലെ പ്രധാന രാസഘടകമായ യൂജിനോള്‍ ആണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ മൊട്ടുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. മൊട്ടു വളരുന്നതോടെ നിറം ഇളം റോസാകുന്നു. ഈ ഘട്ടത്തില്‍ തൈലത്തിന്റെ അളവു കൂടും. രക്തചംക്രമണ വ്യവസ്ഥയെ ദൃഢപ്പെടുത്താനും ശരീരോഷ്മാവിനെ ക്രമീകരിക്കാനും സഹായിക്കുന്ന വസ്തുക്കള്‍ ഗ്രാമ്പൂ എണ്ണയിലുണ്ട്. ഇതു പുരട്ടി തിരുമ്മുന്നത് ചര്‍മ്മത്തിനു ബലമേകും. ഗ്രാമ്പൂതൈലം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് മൗത്ത് വാഷായി ഉപയോഗിച്ചാല്‍ വായ്നാറ്റവും പല്ലുവേദനയും മാറും. ഗ്രാമ്പുതൈലം ഇറ്റിച്ച വെള്ളത്തില്‍ ആവി പിടിച്ചാല്‍ ജലദോഷം മാറുകയും പീനസവും കഫക്കെട്ടും ഒഴിവാകുകയും ചെയ്യും.
വായുകോപം ശമിപ്പിക്കുന്ന ഔഷധമാണു ഗ്രാമ്പൂ. ദഹനക്കുറവ്, വയറുവേദന തുടങ്ങിയ ഉദരരോഗങ്ങളുടെ ചികിത്സയില്‍ ഗ്രാമ്പൂ ഫലപ്രദമാണ്. ആറു ഗ്രാമ്പൂ 30 മില്ലി വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ ദിവസവും ആഹാരത്തിനു ശേഷം മൂന്നുനേരം കഴിച്ചാല്‍, ഉദരരോഗങ്ങള്‍ ശമിക്കും. ഗ്രാമ്പൂവില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നോ രണ്ടോ തുള്ളിയെടുത്ത് ഒരു നുള്ള് പഞ്ചസാരയും ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് മൂന്നു നേരം കഴിച്ചാലും ഉദരരോഗങ്ങള്‍ക്ക് ശമനം കിട്ടും. ഗ്രാമ്പൂ വറുത്തുപൊടിച്ചു തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും. ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന വയറിളക്കവും ഛര്‍ദ്ദിയും ഇല്ലാതാക്കാനും ഗ്രാമ്പൂ നന്ന്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആറു ഗ്രാമ്പൂ ഇട്ട് 12 മണിക്കൂര്‍ അടച്ചുവെച്ച് ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി, അരമണിക്കൂര്‍ ഇടവിട്ട് രോഗിക്കു കൊടുത്താല്‍ ഛര്‍ദ്ദി ശമിക്കും. ഗ്രാമ്പൂ നല്ല വേദനസംഹാരിയാണ്. പല്ലുവേദനക്ക് ഒന്നാന്തരം മരുന്നാണ്. അല്പം പഞ്ഞിയെടുത്ത് ഗ്രാമ്പൂ തൈലത്തില്‍ മുക്കി, പല്ലിന്റെ പോട്ടില്‍ വെച്ചാല്‍ വേദന ശമിക്കും. ചെവിവേദന അകറ്റാനും ഗ്രാമ്പൂ നന്ന്. ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ ഒരു ഗ്രാമ്പൂ ഇട്ട് ചൂടാക്കി ആറുമ്പോള്‍ അതില്‍ നിന്ന് മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലൊഴിച്ചാല്‍ വേദന മാറും. മസിലുകളുടെ വേദനയകറ്റാന്‍ ഗ്രാമ്പൂതൈലം പുരട്ടിയാല്‍ മതി. സന്ധിവേദന, മൈഗ്രെയിന്‍ തുടങ്ങിയ രോഗങ്ങള്‍ അസഹീനമാവുമ്പോള്‍, അഞ്ചു തുള്ളി ഗ്രാമ്പൂ എണ്ണ 30 മില്ലി ഒലിവ് ഓയിലില്‍ യോജിപ്പിച്ചു പുരട്ടുക. ഗ്രാമ്പൂവും ഉപ്പുപരലും പാലില്‍ അരച്ചിട്ടാല്‍ കൊടിയ തലവേദന ശമിക്കും. സന്ധിവാതത്തിനും വാതസംബന്ധമായ മറ്റു രോഗങ്ങള്‍ക്കും പറ്റിയ മരുന്നാണ് ഗ്രാമ്പൂ. വാതം മൂലമുണ്ടാകുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ചു നിറുത്താന്‍ ഇതിനു കഴിയും. ദിവസവും രണ്ടു നേരം ഓരോ ഗ്രാമ്പൂ വായിലിട്ടു ചവക്കുന്നതും കൊള്ളാം. അപകടകരമായ രീതിയില്‍ രക്തം കട്ടകെട്ടുന്നതും ഗ്രാമ്പൂ തടയുന്നു. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ഡിക്കോക്ഷന്‍ നല്ല ചുമസംഹാരിയാണ്. ഗ്രാമ്പൂതൈലം അല്പം ടാര്‍പെന്റൈന്‍ ചേര്‍ത്ത് മാറത്തുഴിഞ്ഞാല്‍ ബ്രോങ്കൈറ്റിസ്, വില്ലന്‍ചുമ, ന്യൂമോണിയ എന്നിവകൊണ്ടുണ്ടാകുന്ന വിഷമതകള്‍ മാറും. ഒരു ഗ്രാമ്പൂ ഒരു കല്ലുപ്പും ചേര്‍ത്ത് ചവച്ചാല്‍ തൊണ്ട ഉറുത്തുന്നതു കൊണ്ടുള്ള അസ്വസ്ഥത ശമിക്കും. കണ്‍കുരുവിന് ഒന്നാന്തരം മരുന്നാണ് ഗ്രാമ്പൂ. കണ്‍കുരു മൂലമുണ്ടാകുന്ന നീരില്‍ നിന്നും മോചനം കിട്ടാന്‍, ഒരു ഗ്രാമ്പൂ വെള്ളത്തിലിട്ട് നന്നായി തിരുമ്മിയശേഷം കണ്‍പോളകളില്‍ പുരട്ടിയാല്‍ അസഹ്യത മാറും. ലൈംഗികമരവിപ്പും ബലഹീനതയും ഇല്ലാതാക്കാന്‍ പറ്റിയ മരുന്നാണ് ഗ്രാമ്പൂ. മുരിങ്ങമരത്തിന്റെ തടിയില്‍ ഒരു ദ്വാരമുണ്ടാക്കി, അതില്‍ നിറയെ ഗ്രാമ്പൂ നിറച്ച് ദ്വാരം മെഴുകുരുക്കി അടക്കുക. 40 ദിവസം കഴിഞ്ഞ് ഈ ഗ്രാമ്പൂ പുറത്തെടുത്ത്, തണലില്‍ ഉണക്കി കാറ്റു കയറാതെ കുപ്പിയിലടച്ചു സൂക്ഷിക്കുക. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ നാക്കിനടിയിലിടുക. ഒരുനുള്ള് ഗ്രാമ്പൂപൊടി തേനില്‍ ചാലിച്ച് മൂന്നുനേരം സേവിച്ചാല്‍ ശ്വാസംമുട്ടലും കഫക്കെട്ടും കുറയും.
ഗ്രാമ്പൂ തൈലം മരുന്നിനും ആഹാരത്തിനും രുചി വരുത്താനും, സുഗന്ധ വസ്തുക്കള്‍ ഉണ്ടാക്കാനും ചിലയിനം സിഗരറ്റുകളില്‍ സുഗന്ധമുണ്ടാക്കാനും ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റ്, ബേക്കറി പലഹാരങ്ങള്‍, മരുന്നുകള്‍, തുടങ്ങിയവയില്‍ ഗ്രാമ്പൂ സത്ത് അടങ്ങിയിട്ടുണ്ട്. വെറ്റില മുറുക്കുമ്പോഴും രുചിക്കും സുഗന്ധത്തിനും വേണ്ടി ഇതു ചേര്‍ക്കുന്നു.
Tuesday, November 29, 2011
ജാതിക്ക
മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica Fragrans Linn.) എന്നാണ് ജാതിവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇടത്തരം വൃക്ഷമായ ഇതില്‍ ആണ്‍-പെണ്‍ മരങ്ങള്‍ പ്രത്യേകമായുണ്ട്. മഞ്ഞനിറമുള്ള ആണ്‍പൂവിന് വാസനയുണ്ടാവും. കട്ടിയുള്ള പുറംതോടിനുള്ളിലായാണ് ജാതിക്ക ഉണ്ടാവുക. ഇതിന് പുറത്ത് പൊതിഞ്ഞ് വലപോലെയാണ് ജാതിപത്രി കാണുക. കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. ഒലിവെണ്ണയില്‍ ജാതിക്കാഎണ്ണ ചേര്‍ത്ത് അഭ്യ്രംഗം ചെയ്താല്‍ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലില്‍ കലക്കി സേവിച്ചാല്‍ ഉറക്കമില്ലായ്മ മാറും. തൈരില്‍ ജാതിക്കയും നെല്ലിക്കയും ചേര്‍ത്ത് കഴിച്ചാല്‍ പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമാണ്.
മുക്കുറ്റി
വേരിലും ഇലയിലും പ്രത്യേകമായ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു. കേരളത്തിലെ ഏതു കാലാവസ്ഥയിലും വളരുന്ന ഈ ചെടി 15 സെ.മീ. ഉയരം വരും. മഞ്ഞപ്പൂക്കളും ചെറിയ ഇലകളുമാണ്. പൂക്കള്‍ കുലകളായിട്ടാണ് കാണപ്പെടുന്നത്. വിത്തിലൂടെയാണ് പുതിയ ചെടി ഉണ്ടാവുന്നത്. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് സാധാരണയായി കാണുന്നത്. ചിങ്ങമാസത്തിലാണ് ഈ ചെടി സാധാരണയായി കാണുന്നത്.
ദശപുഷ്പങ്ങളില്‍ ഒന്നാണ് മുക്കുറ്റി. മുക്കുറ്റിയുടെ ഇലയരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം മാറും. പനിക്ക് മുക്കുറ്റി സമൂലം അരച്ച് കുടിക്കാം. മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ചെന്നിക്കുത്തിന് നല്ലതാണ്. മുക്കുറ്റി പച്ചവെള്ളത്തില്‍ അരച്ചുപുരട്ടുന്നത് മുറിവുകള്‍ ഉണങ്ങാന്‍ നല്ലതാണ്. മുറിവില്‍ ഇലയരച്ച് വെച്ചുകെട്ടിയാല്‍ മുറിക്ക് വേഗം ഉണക്കം കിട്ടും. അതുകൊണ്ട് ഇതിനെ മുറികൂടി എന്നും അറിയപ്പെടുന്നു. കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കുറച്ച് കടന്നല്‍ കുത്തിയഭാഗത്ത് ചുറ്റും പുരട്ടുന്നത് കടന്നലിന്റെ വിഷം പോകുന്നതിന് നല്ലതാണ്. തീപ്പൊള്ളിയാല്‍ മുക്കുറ്റി തൈരിലരച്ച് പുരട്ടുന്നത് നല്ലതാണ്. മുക്കുറ്റി സമൂലമെടുത്ത് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ, കഫക്കെട്ട് എന്നിവ മാറും. ഇതിന്റെ വേര് പറങ്കിപ്പുണ്ണ് എന്ന അസുഖത്തിനെതിരെ ഉപയോഗിക്കുന്നു.
കഫക്കെട്ട്, ചുമ, വലിവ്, കണ്ണുവേദന, പച്ചമുറി, എന്നിവക്ക് എണ്ണകാച്ചാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. മുക്കുറ്റിപ്പൂവ് വെളിച്ചെണ്ണയില്‍ ചേര്‍ത്തരച്ച് പ്രാണികടിച്ച ഭാഗത്ത് പുരട്ടിയാല്‍ നീരും വേദനയും മാറും. മുക്കുറ്റിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് തലക്ക് തണുപ്പ് കിട്ടാനും മുടിവളരാനും സഹായിക്കുന്നു. അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ കഫക്കെട്ട് മാറുന്നു. മുക്കുറ്റിയുടെ ഇലയരച്ച് നീരെടുത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണുവേദന മാറും.
Monday, November 28, 2011
അരിപ്പൂ
പൂച്ചെടി, കൊങ്ങിണിപ്പൂ, ഈടമക്കി, ഒടിച്ചുകുത്തി എന്ന പ്രാദേശികനാമങ്ങളിലും ഇംഗ്ലീഷില്‍ വൈല്‍ഡ് സേജ് (Wild Sage) എന്നും അറിയപ്പെടുന്ന അരിപ്പൂവിന്റെ ശാസ്ത്രീയനാമം ലന്റാന കാമറ (Lantana camara) എന്നാണ് എന്നാണ്. വെര്‍ബെനേസി (Verbenaceae) സസ്യകുടുംബത്തില്‍പെട്ട ഇത് നാട്ടുപ്രദേശങ്ങളിലെ വേലികളിലും മറ്റും സുലഭമായി കാണപ്പെടുന്ന ഈ ചെടി അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും വന്നതാണ്. പൂവിനും ഇലയ്ക്കും ഒരുതരം രൂക്ഷഗന്ധമാണ്. വെള്ള, പിങ്ക്, മഞ്ഞ, ഓറഞ്ച്, നീല, ചുവപ്പ് എന്നിങ്ങനെ പലനിറങ്ങളിലുള്ള പൂക്കളാണ്. രണ്ടു നിറമുള്ള പൂക്കള്‍ വിടരുന്ന ചെടികളുമുണ്ട്. കന്നുകാലികള്‍ ഇതിന്റെ ഇല കഴിക്കാറില്ല. ഇലയില്‍ നിന്നും പൂവില്‍ നിന്നും ഒരുതരം സുഗന്ധതൈലം വേര്‍തിരിക്കുന്നുണ്ട്. ഇലയില്‍ ലന്റാഡിന്‍ -എ എന്ന വിഷമുണ്ട്. ഇലകള്‍ക്ക് ശരീരത്തിലെ നീരും വേദനയും ശമിപ്പിക്കാനാവും. തൊലിക്ക് വ്രണങ്ങള്‍ കരിക്കാന്‍ കഴിയും. വേലിയില്‍ വളര്‍ത്താന്‍ ഉത്തമമായ സസ്യമാണിത്. ഇതിന്റെ തണ്ട് പേപ്പര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു
Sunday, November 27, 2011
പൂവരശ്
പൂവരശിനെ ഒറ്റവാക്കില്‍ കുപ്പയിലെ മാണിക്യം എന്നു വിളിക്കുന്നു. ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണ് പൂവരശ്. പൂപ്പരുത്തി എന്നുകൂടി പേരുള്ള പൂവരശ് കണ്ടല്‍ക്കാടുകളുടെ സഹസസ്യമാണ്. ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്. പ്രാചീനകാലത്ത് യവനദേശക്കാര്‍ പൂവരശിനെ വിശുദ്ധവൃക്ഷമായി കരുതിയിരുന്നു. പൂവിലെ അരചന്‍ അഥവാ രാജാവ് എന്നാണ് തമിഴില്‍ നിന്ന് രൂപപ്പെട്ട പൂവരശ് എന്ന വാക്കിന്റെ അര്‍ത്ഥം. സംസ്കൃതത്തിലെ കമണ്ഡലു എന്ന പേരാണ് പൂവരശിന്റെ ഗുണങ്ങളെ ഏറ്റവും ഭംഗിയായി ഉള്‍ക്കൊള്ളുന്നത്. കമണ്ഡലു എന്നാല്‍ തപസ്വികള്‍ ശുദ്ധജലം കൊണ്ടുനടക്കുന്ന മരക്കിണ്ടിയാണ്. ശുദ്ധജല മേഖലകളില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ഈ മരം ജലശുദ്ധിക്ക് അത്യുത്തമമാണ്. ജലസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിലും കാറ്റിന്റെ കൊടുതികളെയും വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടയുന്നതിലും പൂവരശ് വഹിക്കുന്ന പങ്ക് പരിഗണിക്കുമ്പോഴാണ് ശുദ്ധജലവാഹകന്‍ എന്ന് അര്‍ത്ഥത്തിലുള്ള കമണ്ഡലു എന്ന പേരിന്റെ പ്രാധാന്യം മനസ്സിലാവുക.
ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് പൂവരശ്. പലരാജ്യങ്ങളിലും പൂവരശിന്റെ ഇളംഇലയും പൂവും ഭക്ഷണമായി ഉപയോഗിക്കുന്നു. വെള്ളത്തടിയോടു ചേര്‍ന്നുള്ള നാര് ബലമുള്ള ഫൈബറായി ഉപയോഗിക്കുന്നു. അകംതൊലി കോര്‍ക്കുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുറംതൊലിയില്‍ നിന്നും ടാനിന്‍ വേര്‍തിരിച്ചെടുത്ത് പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പല രാജ്യക്കാര്‍ക്ക് അവരുടെ ഈട്ടിമരമാണ് പൂവരശ്.
വിത്ത് പാകിയും കമ്പ് മുറിച്ചുനട്ടും പൂവരശ് കൃഷിചെയ്യാം. കണംകയ്യോളം ചുവടുവണ്ണമുള്ളതും രണ്ടു മീറ്ററോളം നീളമുള്ളതുമായ നേര്‍കമ്പുകളാണ് കൃഷിചെയ്യേണ്ടത്. നട്ടുനനച്ചാല്‍ വേഗം കിളിര്‍ത്തു വരുന്നതിനാല്‍ വിത്തുപാകുന്നതിനേക്കാള്‍ രണ്ടു വര്‍ഷത്തോളം സമയലാഭം ലഭിക്കും. ചാണകം പൂവരശിന് ഒന്നാന്തരം വളമാണ്. കീടബാധയോ രോഗങ്ങളോ സാധാരണയായി പൂവരശിനെ ബാധിക്കാറില്ല. എട്ടുപത്തു വര്‍ഷം കൊണ്ട് പൂവരശിന്റെ തടിക്ക് കാതലുണ്ടാകും.
ആഫ്രിക്കന്‍മല്ലി ( ശീമ മല്ലി. )
മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും മല്ലിയുടെ നറുമണവും സ്വാദും പകരും. മല്ലിയോടുള്ള അപാരമായ സാമ്യം നിമിത്തം ഇതിനെ നീളന്‍ കൊത്തമല്ലി അഥവാ ലോങ് കൊറിയാന്‍ഡര്‍ എന്നും വിളിക്കുന്നു മെക്സിക്കന്‍മല്ലി എന്നും ഇതിനു പേരുണ്ട്.
കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഗന്ധവും രുചിയും പകരുക മാത്രമല്ല ആഫ്രിക്കന്‍ മല്ലിയുടെ പ്രത്യേകത. ഇത് ഇരുമ്പ്, കരോട്ടിന്‍, റിബോഫ്ളേവിന്‍, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്. വിശേഷതയുള്ള ചില തൈലങ്ങള്‍ (എസന്‍ഷ്യല്‍ ഓയില്‍സ്) കൂടെ അടങ്ങിയിരിക്കുന്നും.
മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ആഫ്രിക്കന്‍മല്ലി നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. നാട്ടുവൈദ്യത്തിന്റെ അവിഭാജ്യഘടകമായിരുന്ന ഇതിന്റെ ഇലകള്‍ കൊണ്ടു തയ്യാറാക്കുന്ന കഷായം നീര്‍വീക്കത്തിന് ഉള്ളില്‍ സേവിക്കാന്‍ നല്ലതാണ്. ആഫ്രിക്കന്‍മല്ലിച്ചായ ജലദോഷം, വയറിളക്കം, പനി, ഛര്‍ദ്ദി, പ്രമേഹം, മലബന്ധം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിച്ചിരുന്നു. വേരില്‍ നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനക്ക് ഉത്തമപരിഹാരമാണ്.
Saturday, November 26, 2011
കാട്ടുപടവലം
ഇതിന്റെ വേര്, തണ്ട്, ഇല, പൂക്കള്‍, കായ് എന്നിവ മരുന്നാണ്. ഇതില്‍ ‘കുക്കുര്‍ ബിറ്റാസിന്‍’ എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. പല നാടന്‍ ചികിത്സയിലും കാട്ടുപടവലം മുഖ്യഘടകമാണ്.(Trichosanthes lobala)എന്നാണു ശാസ്ത്രനാമം
സമൂലം ഔഷധ യോഗ്യഭാഗമാണ്. ദീപന വര്‍ദ്ധനക്കും രക്ത ശൂദ്ധീകരണത്തിനും ഉപയോഗിക്കുന്നു. നേത്രരോഗങ്ങള്‍ , ശ്വാസകോശ രോഗങ്ങള്‍ , പനി, വെള്ളപ്പാണ്ട്, മഞ്ഞപ്പിത്തം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു.
വയറ്റിലെ കൃമിശല്യം നിയന്ത്രിക്കാന്‍ ഇതു നല്ലതാണ്. പിത്തരോഗം ശമിപ്പിക്കുകയും മലശോധനയുണ്ടാക്കുകയും ചെയ്യും. ത്വക്ക് രോഗം ശമിപ്പിക്കാനും ഉപയോഗിക്കുന്നു. മഹാതിക്ത കഷായം, ഗുല്‍ഗുലുതിക്തംഘൃതം തുടങ്ങി പലതരം കഷായങ്ങളില്‍ കയ്പന്‍ പടവലം ചേര്‍ക്കുന്നുണ്ട്. കയ്പന്‍ പടവലയില, ആര്യവേപ്പില ഇവയിട്ടുവെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ത്വക്ക് രോഗം ശമിക്കും. കയ്പ്പന്‍ പടവലവേര് നന്നായരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനക്ക് ശമനമുണ്ടാകും. കയ്പന്‍ പടവലത്തിന്റെ ഇളം കായ്കള്‍ മുളയുടെ ചീളുപയോഗിച്ച് തൊലി നീക്കിയശേഷം തോരനാക്കി ചിലര്‍ ഉപയോഗിക്കുന്നു. ലോഹായുധങ്ങള്‍ ഉപയോഗിക്കാതെ വെറും മുളച്ചീന്തുകള്‍ മാത്രമേ ഉപയോഗിക്കാവൂ.
പടോലാസവം, ഗുല്‍ഗുലുതിക്തം തൈലം, പടോലാദിഘൃതം, പടോലാദികഷായം, കറപ്പന്‍ വെളിച്ചെണ്ണ എന്നിവ കയ്പന്‍ പടവല ഉപയോഗിച്ചുള്ള പ്രധാന ഔഷധങ്ങളാണ്.
നോനി
ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്‍വ്വരോഗസംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഒഷധക്കൂട്ടുകളിലെചേരുവയാണിത്. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും.
മോറിന്‍ഡ സിട്രിഫോലിയ (Morinda Sitrifoliaea) എന്നതാണ് ശാസ്ത്രനാമം. ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്. കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം. വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീല്‍ വസ്തുവാക്കാം. നട്ട് പത്തുമാസത്തിനകം കായ്ക്കും. വിളവെടുപ്പ് പാകമാകാന്‍ 18 മാസം വേണം. മാസം 4-8 കിലോ കണക്കില്‍ എല്ലാ മാസവും വിളവെടുക്കാം.
പനി മാറുന്നതിന് വേരുപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനക്കും കുറവുവരും. അള്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആര്‍ത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചില്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ചുമ, തൊലിപ്പുറത്തെ പാട്, ആസ്തമ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി.
മൂത്തുപഴുത്ത കായ്കളുടെ കുരുനീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകള്‍ക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരുനീക്കി പള്‍പ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം. അന്താരാഷ്ട്രാ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഔഷധസസ്യമാണ് നോനി. ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറു പ്രായത്തില്‍ പച്ചനിറവും മൂപ്പെത്തുമ്പോള്‍ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോള്‍ വെള്ള നിറവുമാകും. പാകമാകുമ്പോള്‍ തോടിന് കട്ടികുറയുകയും മത്തുപിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും. കായ മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്. കീടരോഗബാധ വിരളമാണ്.
നിത്യഹരിത കുറ്റിച്ചെടിയായ നോനി തനിവിളയായും കൃഷിചെയ്യാം. തനിവിളയാക്കുമ്പോള്‍ പരമാവധി 20 അടിവരെ ഉയരം വെക്കും ഇടവിളയാകുമ്പോള്‍ 8-12 അടിയില്‍ കൂടാറില്ല. പതിവെക്കല്‍ രീതിയിലാണ് നടീല്‍ വസ്തുക്കളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനം. ആദ്യമാസങ്ങളില്‍ വളര്‍ച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടില്‍ നിന്ന് അല്പം മാറ്റി പൂതയിട്ടുകൊടുക്കണം. ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പൂവിടലും ഫലലഭ്യതയും ഏറും. ഇലകളിലൂടെയുള്ള വളപ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.
Friday, November 25, 2011
അയമോദകം
വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്.
നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം അംബലിഫെറെ (Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു. അജമോദ (ആടിനെ സന്തോഷിപ്പിക്കുന്നത്) അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നു പറയുന്നു.
ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു. ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു. അയമോദകത്തിന്റെ കുടുംബത്തില്‍ പെട്ട മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ.
മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളില്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.
അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്‍ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ ആദ്യയുരുളയോടൊപ്പം നെയ്യുചേര്‍ത്ത് കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്)വര്‍ധിക്കും. മയില്‍പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്‍പ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേര്‍ത്ത് (എല്ലാം കൂട്ടി 5 ഗ്രാം) തേനില്‍ ചാലിച്ച് കഴിച്ചാല്‍ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്, ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിന്‍പാലില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്‍ക്കേണ്ടത്.
അയമോദകം വാറ്റിയെടുത്ത് തൈമോള്‍ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീക്ഷ്ണമായ സ്വാദാണ് ഇതിന്. ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു. ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു. അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്. തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്.
ത്വക്ക് രോഗങ്ങള്‍ക്ക് ഇത് ആശ്വാസം പകരുകയും ചെയ്യുന്നു. പുഴുക്കടി, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കു പറ്റിയ മരുന്നാണ് അയമോദകം. ഇതു മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്. ആസ്തമാരോഗികള്‍ക്ക് ആശ്വാസം പകരുന്ന ലേപനൌഷധമായും ഇതുപയോഗിക്കാം.
അയമോദകത്തിന്റെ വേരിനുപോലും ഔഷധഗുണമുണ്ട്. കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്. ഇതു കഫം കെട്ടുന്നതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്കു ശമനം നല്കുന്നു. അയമോദകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിഷമമില്ലാതെ കഫം ഇളകിപ്പോരും. ബ്രോങ്കൈറ്റിസിനും നല്ല മരുന്നാണ് അയമോദകം. ഇതുകൊണ്ട് ആവിപിടിക്കുന്നതും ആസ്തമക്കു ശമനം കിട്ടും. അയമോദകം കൊണ്ടു തയ്യാറാക്കുന്ന കഷായം ക്ഷയത്തിന്റെ ചികിത്സക്കും ഉപയോഗിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം. ഇത് 30 മില്ലി വീതം ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും. കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം. ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ അവര്‍ ഉറങ്ങുമ്പോള്‍ അയമോദകം ഒരു ചെറുകിഴിയായി കെട്ടി അവരുടെ താടിക്കു താഴെയായി ഉടുപ്പില്‍ പിന്‍ ചെയ്തു വെച്ചാലും മതി.
ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും. ഉപ്പും അയമോദകവും ചേര്‍ത്തു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പിനു നല്ലതാണ്. കൊടിഞ്ഞിക്കും പിച്ചും പേയും പറയുന്നതിനുമെല്ലാം ഇത് കണ്‍കണ്ട മരുന്നാണ്. സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്. വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി. അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്.
പുളിങ്കുരുവും അയമോദകവും ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്. ഇവ തുല്യ അളവിലെടുത്ത് നെയ്യില്‍ വറുത്തുപൊടിച്ച് കാറ്റുകയറാത്ത കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരു ടീസ്പൂണെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ഇത് വിലകൂടിയ മരുന്നിനേക്കാള്‍ പ്രയോജനം ചെയ്യും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും. ഗര്‍ഭപാത്രം പുറത്തേക്കു തള്ളി വരുന്നതു തടയാനും അയമോദകം സഹായിക്കുന്നു. കുറച്ച് അയമോദകമെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. പിന്നീടെടുത്ത് വെള്ളം ഊറ്റിക്കളയുക. തുണിക്കഷ്ണത്തില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കുക. ഈ കിഴികൊണ്ടു പുറത്തേക്കു തള്ളിവരുന്ന ഗര്‍ഭപാത്രം ഉള്ളിലേക്കു തള്ളുക. ഈ ചികിത്സ ദിവസം നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍ പ്രയോജനം ചെയ്യും.
വയല്‍ച്ചുള്ളി
ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ളഒരു ഔഷധസസ്യമാണ് വയല്‍ചുള്ളി. നെല്‍പാടങ്ങളുടെ വരമ്പുകളോടു ചേര്‍ന്നും അരികുപറ്റിയും ചതുപ്പു നിലങ്ങളിലുമാണ് ഇവയുടെ വളര്‍ച്ച. ആസകലം മുള്ളുനിറഞ്ഞതാണ് ഈ ചെടി. ഈ മുള്ളുകള്‍ ശരീരത്തില്‍ തുളച്ചുകയറുകമാത്രമല്ല അഗ്രം ഒടിഞ്ഞ് അകത്തിരിക്കുകയും ചെയ്യും. നീലകലര്‍ന്ന തിളക്കമാര്‍ന്ന പൂക്കള്‍ ആകര്‍ഷകമാണ്. അധികം ഉയരത്തില്‍ വളരാത്ത ചെടിയാണിത്. പരമാവധി 150 സെ.മീ. ഉയരം മാത്രമേ ഉണ്ടാവൂ.
ശരീരത്തിലെ നീരും വീക്കവും അകറ്റുന്നതിനാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. മൂത്രാശയസംബന്ധമായ രോഗങ്ങള്‍, മഹോദരം, രക്തവാതം, മൂലക്കുരു എന്നിവക്കെതിരെയുള്ള പല ഔഷധങ്ങളിലും പ്രധാന ചേരുവയായി ഇത് ഉപയോഗിക്കുന്നു.
മികച്ച വാജീകരണ ഔഷധവുമാണ് വയല്‍ചുള്ളി. സിദ്ധ, യുനാനി എന്നീ വൈദ്യശാഖകളില്‍ ധാതുവര്‍ധനക്കായി വയല്‍ചുള്ളിയുടെ വിത്ത് ഉപയോഗിച്ചുവരുന്നു. ഇല, വേര്, വിത്ത് എന്നിങ്ങനെയും സമൂലമായും മരുന്നു കൂട്ടുകളില്‍ ഉപയോഗിക്കുന്നു. പാണ്ട്, മഹോദരം, മൂത്രശോധനയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവ നീരകറ്റുന്നതിനുള്ള ഔഷധയോഗങ്ങളില്‍ വേരാണ് പ്രധാന ചേരുവ. രക്തവാതത്തിന് വയല്‍ചുള്ളിയുടെ വേരിന്റെ കഷായമാണ് ഉത്തമം. വാജീകരണ ഔഷധങ്ങളില്‍ വിത്തിനാണ് സ്ഥാനം. വിത്ത് അരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ അതിസാരം നില്‍ക്കും. മഞ്ഞപ്പിത്തം, ഗൊണേറിയ എന്നീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിച്ചുവരുന്നു.
അധികം മൂക്കാത്ത ഇലകള്‍ കറിക്കുപയോഗിക്കാം. ആഹാരമെന്നതിലുപരി രക്തവാതം പോലുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ് ഈ ഇലക്കറി. ഇളം പ്രായത്തില്‍ കന്നുകാലികള്‍ക്ക് ഏറെ പ്രിയപ്പെട്ട തീറ്റയാണ് വയല്‍ചുള്ളി. അധികം മൂപ്പാകാത്ത സമയത്തില്‍ മുള്ളുകള്‍ ശക്തമാവാത്തതു കാരണം മൃഗങ്ങള്‍ അനായാസം ഭക്ഷിച്ചുകൊള്ളും.
Tuesday, October 18, 2011
തെങ്ങ്
ശരീരത്തിനാവശ്യമായ നിരവധി പോഷകഘടകങ്ങള്‍ തെങ്ങിന്റെ ഫലത്തിലുണ്ട്. തേങ്ങാപ്പാലില്‍ പഞ്ചസാര, ആല്‍ബുമിന്‍, വെളിച്ചെണ്ണയില്‍ കാപ്രിലിക് ആസിഡ്, സ്റ്റിയറിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. വാതരോഗം, ഹൃദ്രോഗം, അതിസാരം എന്നിവ കുറക്കാനും ശരീരപുഷ്ടി വര്‍ധിപ്പിക്കാനും കരിക്ക്, തേങ്ങ എന്നിവക്ക് സാധിക്കുന്നു. തേങ്ങ, എണ്ണ, തേങ്ങാവെള്ളം, പൂവ് തുടങ്ങിയവയിലെല്ലാം ഔഷധഗുണങ്ങളുണ്ട്.
ഇലഞ്ഞി
മിമുസോപ്സ് ഇലന്‍ജി (Mimusops Elengi) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇലഞ്ഞിയെ മിമുസോപ്സ് (Mimusops) എന്നാണ് ഇംഗ്ലീഷില്‍ പറയുക. തരംഗിതമായ വക്കോടുകൂടിയ ഇലകള്‍ക്ക് തിളങ്ങുന്ന പച്ചനിറമാണ്. നക്ഷത്രാകൃതിയില്‍ ബട്ടനോളം വലിപ്പമുള്ള വെള്ളപ്പൂവുകള്‍ക്ക് തീവ്രസുഗന്ഥമാണുള്ളത്. തൊലിയും പൂവും പഴവും ഔഷധയോഗ്യമാണ്. ആയുര്‍വേദ വിധിപ്രകാരം ഇതിന്റെ പൂവും കായും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ശീതളവുമാണ്. അതിസാരം, ലൈംഗികശേഷി, അര്‍ശസ്, മോണരോഗങ്ങള്‍, തലവേദന, വായ്പ്പുണ്ണ്, വായ്നാറ്റം തുടങ്ങിയവക്ക് മരുന്നായി ഉപയോഗിക്കുന്നു. പുഷ്പത്തില്‍ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നു. ആരോഗ്യദായകവും കൃമിഹരവുമാണ് പഴം. മരപ്പട്ട ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ഇലഞ്ഞിപ്പഴം നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും. ഈ പഴം കഴിച്ചാല്‍ അര്‍ശസ് രോഗങ്ങള്‍ കുറയും. പഴവും തൊലിയും ദന്തധാവനത്തിന് ഉപയോഗിച്ചാല്‍ മോണരോഗങ്ങള്‍ മാറുകയും പല്ലുകള്‍ ദൃഢമാകുകയും ചെയ്യും. തൊലിക്കഷായം വായ്പ്പുണ്ണും വായ്നാറ്റവും ഇല്ലാതാക്കും. പൂവ് ഇട്ടുകാച്ചിയ പാല്‍ സേവിച്ചാല്‍ അതിസാരം മാറും.
കണിക്കൊന്ന
കാഷ്യ ഫിസ്റ്റുല ലിന്‍ (Cassia Fistula Lin.) എന്ന ശാസ്ത്രനാമത്തിലും ഇന്ത്യന്‍ ലബേണം (Indian Laburnum) എന്ന് ഇംഗ്ലീഷിലുമറിയപ്പെടുന്ന കണിക്കൊന്ന കേരളീയ ജീവിതത്തിലെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകവും നല്ലൊരു ത്വക്ക് രോഗ ഔഷധവുമാണ്. കണിക്കൊന്ന കേരളീയരുടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് വിശേഷിപ്പിക്കുന്നത്. 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും. വിരലിന്റെ ആകൃതിയിലുള്ള കായകള്‍ക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രില്‍ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്. വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമജ്ജയ്ക്ക് തേന്‍മെഴുകിന്റെ ഗന്ധമാണ്. പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല അരച്ചു സേവിച്ചാല്‍ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് ശമനം കിട്ടും. പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്. കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാല്‍ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും.
ആനച്ചുവടി
എലഫന്റോപസ് സ്കാബര്‍ (rElephantopus scabe) എന്നാണ് ആനച്ചുവടിയുടെ ശാസ്ത്രനാമം. ആനയുടെ കാല്‍ മണ്ണില്‍ പതിഞ്ഞപോലെ നിലംപറ്റി വളരുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ആനച്ചുവടി എന്ന വിശേഷണമുണ്ടായത്. ഇതിനെ ഇംഗ്ലീഷില്‍ എലഫന്റ്സ് ഫൂട്ട് (Elephant’s Foot) എന്നാണ് അറിയപ്പെടുന്നത്. ഒരു മുഖ്യ അക്ഷത്തിനു ചുറ്റുമായി പശുവിന്റെ നാക്കുപോലുള്ള 10-15 ഇലകള്‍ മണ്ണില്‍ ചേര്‍ന്ന് വിന്യസിക്കപ്പെട്ടിരിക്കും. ഇതിന്റെ ഓരോ ഇലയ്ക്കും 8-10 സെ.മീ. നീളവും 5-6 സെ.മീ. വീതിയുമുണ്ടാകും. മധ്യഭാഗത്തുനിന്നും 8-10 സെ.മീ. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു തണ്ടിലാണ് പൂവുണ്ടാവുക.
സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ പ്രകാരം കയ്പുരസവും ശീതവീര്യവുമുള്ള ആനച്ചുവടിയില്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിനെതിരായും കാന്‍സറിനെതിരായും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടിതിന്. കുടല്‍രോഗങ്ങല്‍ക്കെതിരെയും വളരെ ഫലപ്രദമാണ് ഈ സസ്യം. സമൂലം വെന്ത കഷായം കുടിച്ചാല്‍ ആമാശയ രോഗങ്ങളും അര്‍ശസും ശമിക്കും. ആനച്ചുവടി നീരും കടുക്കാത്തോടും അരച്ചുചേര്‍ത്ത് സേവിച്ചാല്‍ അഞ്ചാംപനി മാറും. ഇത് സമൂലം അരച്ച് പാലില്‍ സേവിച്ചാല്‍ വസൂരി ശമിക്കുന്നതാണ്. ഭക്ഷ്യവിഷവും ജന്തുവിഷവും മാറും. ചെടി സമൂലം അരച്ച് മുറിവില്‍ പുരട്ടിയാല്‍ വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന വിഷവും മുറിവും മാറുന്നതാണ്. കൂടാതെ മുടിയ്ക്ക് വളര്‍ച്ചയും ആരോഗ്യവും തരുന്ന നല്ലൊരു താളിയും കൂടിയാണ് ആനച്ചുവടി.
Subscribe to:
Posts (Atom)





























