ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി സസ്യങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പല അത്ഭുത മരുന്നുകളുടെയും ഉറവിടം സസ്യങ്ങളാണ്. നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ ചെടികളും മരങ്ങളും ഔഷധഗുണമുള്ളവയാണ്. നജഗത്യേവമനൌഷധം എന്ന സംസ്കൃതശ്ലോകത്തിന് ഔഷധമില്ലാത്തതായു ഭൂമിയില്‍ ഒന്നും തന്നെയില്ല എന്നാണര്‍ത്ഥം. ഇതു സത്യമാണെന്നതിന് ഒരു കഥയുമുണ്ട്. ഒരിക്കല്‍ ബ്രഹ്മാവ് തന്റെ ശിഷ്യനായ ജീവകമുനിയോട് ഔഷധഗുണമില്ലാത്ത ഒരു സസ്യം തിരഞ്ഞുപിടിച്ച് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. 11 വര്‍ഷത്തെ അന്വേഷണത്തിനു ശേഷം ജീവകമുനി വെറുംകയ്യോടെയാണ് മടങ്ങവന്നത്. ലോകത്തുള്ള എല്ലാ സസ്യങ്ങളും ഏതെങ്കിലും തരത്തില്‍ ഔഷധമായി ഉപയോഗിക്കാമെന്നുള്ള ജീവകന്റെ കണ്ടെത്തലിനുപകരമായി ബ്രഹ്മാവ് ജീവകനു നല്കിയത് വൈദ്യശാസ്ത്രപട്ടമാണ്.
ഇത് നിത്യസത്യമായി നിലനില്‍ക്കുന്നു. ബുദ്ധിമാനായ ഒരു ചികിത്സകനു ഏത് സസ്യവും ഔഷധമായി ഉപയോഗിക്കുവാന്‍ കഴിയും. അതുകൊണ്ട് തന്നെ ഒരു സസ്യവും നശിപ്പിക്കപ്പെടാനും നഷ്ടമാകാനും പാടില്ല. ഏതാണ്ടു നാനൂറോളം ഔഷധച്ചെടികള്‍ ഇന്നു വംശനാശത്തിന്റെ വക്കിലാണ്. അമിതമായ ചൂഷണം, വനനശീകരണം എന്നിവയാണ് ഈ സസ്യങ്ങളെ മരുന്നിനുപോലും കിട്ടാത്ത അവസ്ഥയിലെത്തിക്കുന്നത്. ഇങ്ങനെ കിട്ടാക്കനിയാകുന്ന ഔഷധസസ്യങ്ങളില്‍ ചില വമ്പന്മാരുമുണ്ട്. കാന്‍സറിനെതിരെയുള്ള മരുന്നു നിര്‍മ്മിക്കുന്ന യൂ ട്രീ (Yew tree), ശരീരത്തിന്റെ ഭാരം കുറയുന്നതു തടയുന്നതിനുള്ള മരുന്നു നിര്‍മ്മിക്കുന്ന ഹൂഡിയ (Hoodia), കാന്‍സര്‍, ഡിമന്‍ഷ്യ, ഹൃദ്രോഗം എന്നിവയ്ക്കെതിരെ കഴിഞ്ഞ 5000 വര്‍ഷമായി ചൈനയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മഗ്നോലിയസ് (Mangnolias), വാതത്തിനു പ്രതിവിധിയായി ഉപയോഗിക്കുന്ന ഓട്ടം ക്രോക്കസ് (Autumn Crocus) എന്നിവയാണവ.
ആധുനിക വൈദ്യശാസ്ത്രത്തിലെ പല ജീവന്‍രക്ഷാ മരുന്നുകളും സസ്യങ്ങളില്‍ നിന്നുള്ളതാണ്. മയക്കുമരുന്നുകള്‍, വേദനാസംഹാരികള്‍ തുടങ്ങിയവ മുതല്‍ കാന്‍സര്‍ പ്രതിരോധ മരുന്നകള്‍ വരെ ഇതിലുള്‍പ്പെടുന്നു. ഔഷധനിര്‍മ്മാണത്തിനു പേരുകേട്ട ചില സസ്യങ്ങള്‍ -
കാന്‍സറിനെതിരെയുള്ള ഒരു പോരാളിയാണി ടാക്സസ് ബ്രെവിഫോളിയ (Taxus brevifolia) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വെസ്റ്റേണ്‍ യൂ ട്രീ. ഈ മരത്തിന്റെ പട്ടയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടാക്സോള്‍ എന്ന ഔഷധമാണു കാന്‍സറിനെതിരെ പോരാടുന്നത്. ഇതേ ജനുസ്സില്‍ പെട്ട മറ്റൊരു വൃക്ഷത്തിന്റെ ഇലയാണു ആയുര്‍വേദത്തില്‍ താലീസപത്രമെന്ന് അറിയപ്പെടുന്നത്. പെയ്‍ന്‍ കില്ലര്‍ എന്നുകോട്ടാല്‍ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന പേരാണ് ആസ്പിരിന്‍. സാലിക്സ ആല്‍ബാ എന്ന ശാസ്ത്രനാമത്തോടുകൂടിയ വില്ലോ എന്ന ചെടിയില്‍ നിന്നാണ് ഇതിനുള്ള ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. പെയ്ന്‍ കില്ലര്‍ എന്നതിലുപരി ഹൃദ്രോഗികളും ഇത് ഔഷധമായി ഉപയോഗിക്കുന്നു.
സിങ്കോണ ലെഡ്ജെറിയാന (Cinchona ledgeriana) എന്ന പനിമരത്തില്‍ നിന്നാണ് മലേറിയക്കെതിരെയുള്ള ക്വനിഡിന്‍, ക്വിനൈന്‍ (quinidine, quinine) എന്നിവ ഉത്പാദിപ്പിക്കുന്നത്. നേത്രചികിത്സക്കായി ഉപയോഗിക്കുന്ന ഒരുസസ്യമാണ് ബല്ലഡോണ. ഒരു നാര്‍ക്കോട്ടിക് സസ്യമായ ഇതില്‍ നിന്നാണ് അട്രോപ്പിന്‍, ഹയോസയാമിന്‍, സ്കൊപ്പാലമിന്‍ എന്നീ ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നത്. അട്രോപ്പ ബെല്ലഡോണ (Atropa belladonna) എന്നാണിതിന്റെ ശാസ്ത്രനാമം. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആസ്മ ചികിത്സക്കായി ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന സസ്യമാണ് എഫ്രിഡ സിനിക്ക എന്ന എഫ്രിഡ. (Aphreda sinica) ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഔഷധമാണ് എഫ്രിഡിന്‍. പോപ്പി അഥവാ കറുപ്പ് എന്നറിയപ്പെടുന്ന നാര്‍ക്കോട്ടിക് ചെടിയില്‍ നിന്നാണ് മോര്‍ഫിന്‍, കോഡീന്‍ എന്നീ വേദനസംഹാരികള്‍ നിര്‍മ്മിക്കുന്നത്.
കാന്‍സര്‍ ചികിത്സക്ക് ഏറ്റവും ഫലപ്രദമായ ചെടിയാണു നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന നിത്യകല്യാണി അഥവാ ശവംനാറി. കത്തറാന്തസ് റോസിയസ് (Catharanthus reseus) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇതില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന രാസഘടകങ്ങളാണു വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ലോസ്റ്റിന്‍ എന്നിവ. ബ്രസീലിലെ മഴക്കാടുകളില്‍ കണ്ടെത്തിയ ജബോറാന്‍ഡി എന്ന സസ്യം വായ്പുണ്ണ്, പനി, ജലദോഷം തുടങ്ങിയവയ്ക്ക് അത്യുത്തമമാണ്. പൈലോകാര്‍പ്പസ് മൈക്രോഫൈലം (Pilocarpus microphyllum) എന്നാണിതിന്റെ ശാസ്ത്രനാമം. നേത്രചികിത്സയിലും ഇതിനു പ്രാധാന്യമേറെയാണ്.
Subscribe to:
Post Comments (Atom)
0 comments:
Post a Comment